ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ആണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് AI 171 വിമാനാപകടത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 12 ന് അഹമ്മദാബാദിനടുത്ത് ഉണ്ടായ ദുരന്തത്തിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക റിപ്പോർട്ടാണിത്.
അന്വേഷണത്തിനായി എഎഐബി ഒരു മൾട്ടി-ഡിസിപ്ലിനറി ടീം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്നത് ഡിജി എഎഐബിയാണ്. അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് റെക്കോർഡറിൽ നിന്ന് ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുക്കാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ജൂൺ 25 ന് ഡൽഹിയിലെ എഎഐബി ലാബിൽ മെമ്മറി മൊഡ്യൂൾ വിജയകരമായി ആക്‌സസ് ചെയ്യുകയും അതിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്യുകയും ചെയ്തു. വിദേശ ലാബുകളെ ആശ്രയിക്കാതെ ഇന്ത്യ സ്വതന്ത്രമായി ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്ത ആദ്യ സംഭവമാണിത് എന്നുള്ളതും അന്വേഷണത്തിൽ നിർണായകമായി. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ സർക്കാർ പുറത്തുവിടണമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post