ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ 18 സീസണുകൾ പിന്നിട്ട് മുന്നേറുകയാണ്. ആവേശകരമായ മത്സരങ്ങൾ, വിജയങ്ങൾ, പരാജയത്തിന്റെ സങ്കടം, വാശികൾ , തമാശകൾ, അങ്ങനെ ഈ കാലയളവിൽ ഒരു സിനിമയിൽ എന്ന പോലെ എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു മനോഹര കൂട്ടായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ്. 5 തവണ വീതം കിരീടം നേടിയ മുംബൈ , ചെന്നൈ ടീമുകൾക്കും ഒരു തവണ മാത്രം കിരീടം നേടിയ ആർസിബിക്കും ഒരുപാട് ആരാധകരുണ്ട്. അങ്ങനെ മുന്നോട്ട് പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ നിങ്ങൾ ശ്രദ്ധിച്ചേക്കാവുന്ന ഒരു കാര്യമാണ് അതിന്റെ ലോഗോ. ഈ 18 വർഷമായിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലോഗോയിൽ ഒരു മാറ്റവും ഇതുവരെ നടത്തിയിട്ടില്ല.
ഐപിഎല്ലിൽ കഴിഞ്ഞ നാളുകളിൽ എല്ലാം, ബാറ്റ്‌സ്മാന്മാർ കളിച്ച നൂതനവും സ്റ്റൈലിഷുമായ നിരവധി ഷോട്ടുകൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്, അത് ലീഗിനെ കൂടുതൽ രസകരമാക്കി. എന്നിരുന്നാലും, പ്രശസ്തമായ ഐപിഎൽ ലോഗോയിൽ ഏത് ഷോട്ട് ആണ് ഉൾപ്പെടുത്തിയതെന്നും ടൂർണമെന്റിൽ ഏത് ബാറ്റ്‌സ്മാനാണ് ആ ഷോട്ട് കളിച്ചതെന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പ്രശസ്ത ഐപിഎൽ ലോഗോയ്ക്ക് പിന്നിലെ യഥാർത്ഥ മുഖം മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് ആണെന്ന് നിരവധി ആരാധകർ വിശ്വസിക്കുന്നു. മിസ്റ്റർ 360 എന്നറിയപ്പെടുന്ന ഡിവില്ലിയേഴ്‌സ്, ബാറ്റ് ചെയ്യുമ്പോൾ അതുല്യവും നൂതനവുമായ ഷോട്ടുകൾ കളിച്ചുകൊണ്ട് എല്ലാ ഷോട്ടുകളും അടിക്കാൻ തക്ക മിടുക്കുള്ള താരമായിരുന്നു. ഐപിഎൽ കരിയറിൽ ഡൽഹി ഡെയർഡെവിൾസിനും (മുമ്പ് ഡൽഹി ക്യാപിറ്റൽസ് എന്നറിയപ്പെട്ടിരുന്നു) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും (ആർസിബി) വേണ്ടി കളിച്ചിട്ടുണ്ട്.
ഐപിഎൽ ലോഗോയുടെ സാമ്യം ഉള്ള ഷോട്ട് ഡിവില്ലിയേഴ്‌സ് രണ്ടുതവണ കളിച്ചിട്ടും ഉണ്ട്. അതുകൊണ്ടാണ് താരമാണ് ഐപിഎൽ ലോഗോയ്ക്ക് പ്രചോദനമായത് എന്ന് പല ആരാധകരും വിശ്വസിച്ചത്. എന്നിരുന്നാലും, ഐപിഎൽ ഉദ്ഘാടനത്തിന് ശേഷമാണ് ഡിവില്ലിയേഴ്‌സ് ആ ഷോട്ട് കളിച്ചത്. ലോഗോ നേരത്തെ തന്നെ രൂപകൽപ്പന ചെയ്തിരുന്നു. മറുവശത്ത്, വീരേന്ദ്ര സേവാഗ്, യൂസഫ് പത്താൻ, ബ്രയാൻ ലാറ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ നിർമ്മിച്ചിരിക്കുന്നതെന്ന് ചില ആരാധകർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ലോഗോയുടെ യഥാർത്ഥ പ്രചോദനം വേറൊരു താരമാണ്.
മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊർത്താസ കളിച്ച ഒരു ഷോട്ടിൽ നിന്നാണ് ഐപിഎൽ ലോഗോ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. 2017-ൽ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര, 2007-ലെ ക്രിക്കറ്റ് ലോകകപ്പിൽ മൊർത്താസ ആ ഷോട്ട് കളിച്ചതായി വെളിപ്പെടുത്തി. 2008-ൽ ടൂർണമെന്റ് ആരംഭിച്ചപ്പോൾ മൊർത്താസ കളിച്ച ഷോട്ട് ഐപിഎൽ ലോഗോയ്ക്ക് പ്രചോദനമായി.
മുൻ വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ മൊർത്താസ, ബംഗ്ലാദേശിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്, എല്ലാ ഫോർമാറ്റുകളിലുമായി 390 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു മത്സരത്തിലാണ് കളിച്ചത്.
Discussion about this post