ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനം തൽക്കാലത്തേക്ക് മറ്റാരും മോഹിക്കേണ്ട എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. നിലവിൽ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു ഒഴിവും ഇല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിലും താൻ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും സിദ്ധരാമയ്യ സൂചിപ്പിച്ചു. കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടെ ആണ് സിദ്ധരാമയ്യയുടെ ഈ പ്രതികരണം.
ഹൈകമാൻഡ് തീരുമാനങ്ങൾ താൻ എപ്പോഴും അനുസരിച്ചിട്ടുണ്ട്. ഇനിയും അനുസരിക്കും. സംസ്ഥാനത്തെ ജനങ്ങൾ അഞ്ചുവർഷത്തേക്കാണ് തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. എന്റെ അഞ്ച് വർഷത്തെ കാലാവധി ഞാൻ പൂർത്തിയാക്കും, അടുത്ത തിരഞ്ഞെടുപ്പും എന്റെ നേതൃത്വത്തിലായിരിക്കും എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
താൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെയും സിദ്ധരാമയ്യ തള്ളി. ദേശീയ രാഷ്ട്രീയത്തിൽ എനിക്ക് ഒരു താൽപര്യവുമില്ല. ഞാനെപ്പോഴും കർണാടകയിൽ തന്നെ ഉണ്ടാകും. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സ്ഥിരതയെ കുറിച്ച് ബിജെപി നുണകൾ പ്രചരിപ്പിക്കുകയാണ് എന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Discussion about this post