ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചു. 2022 ഓഗസ്റ്റ് 11 ന് ആണ് അദ്ദേഹം ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി തീരാൻ രണ്ടുവർഷം കൂടി ബാക്കിയിരിക്കെ ആണ് രാജി. ആരോഗ്യപരമായ കാരണങ്ങളാൽ ആണ് രാജിവയ്ക്കുന്നത് എന്നാണ് ജഗ്ദീപ് ധൻഖർ വ്യക്തമാക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ വർഷം മാർച്ചിൽ അദ്ദേഹത്തെ നാല് ദിവസത്തേക്ക് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രമുഖ അഭിഭാഷകനും പശ്ചിമ ബംഗാൾ മുൻ ഗവർണറുമായിരുന്നു ജഗ്ദീപ് ധൻഖർ. 2022ൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്കെതിരെ മത്സരിച്ചാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവിലാണ് ഉപരാഷ്ട്രപതിയുടെ രാജി എന്നുള്ളതും ശ്രദ്ധേയമാണ്. ശേഷിക്കുന്ന മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പകരം ചുമതലയേൽക്കും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
1951 മെയ് 18 ന് രാജസ്ഥാനിലെ കിത്താനയിലാണ് ജഗ്ദീപ് ധൻഖർ ജനിച്ചത്. അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ജനതാദളിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. 1989 ൽ ജുൻജുനുവിൽ നിന്ന് അദ്ദേഹം എംപിയായി. 1989 മുതൽ 1991 വരെ വി പി സിംഗ്, ചന്ദ്രശേഖർ എന്നിവരുടെ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. 1991ൽ അദ്ദേഹം ജനതാദൾ വിട്ട് കോൺഗ്രസിൽ ചേർന്നു. 1993 ൽ അജ്മീറിലെ കിഷൻഗഡിൽ നിന്ന് കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുകയും എംഎൽഎ ആകുകയും ചെയ്തു. പിന്നീട് കോൺഗ്രസിന്റെ പ്രവർത്തനത്തിൽ നിരാശനാണെന്ന് കാണിച്ച് അദ്ദേഹം പാർട്ടി വിട്ടു.
2003 ൽ ആണ് ജഗ്ദീപ് ധൻഖർ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചു.
Discussion about this post