ന്യൂയോർക്ക് : ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് രാജി പ്രഖ്യാപിച്ചു. ഹാർവാർഡ് സർവകലാശാലയിൽ വീണ്ടും സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി സ്ഥാനമേൽക്കും എന്നും ഗീത ഗോപിനാഥ് അറിയിച്ചു. സെപ്റ്റംബർ 1 ന് ഹാർവാർഡ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ‘ഇനാഗുറൽ ഗ്രിഗറി ആൻഡ് അനിയ കൊഫേ പ്രൊഫസർ ഓഫ് ഇക്കണോമിക്സ്’ ആയി ചുമതല ഏൽക്കും എന്നാണ് ഗീത ഗോപിനാഥ് വ്യക്തമാക്കിയിട്ടുള്ളത്.
ഐഎംഎഫിലെ ഏകദേശം 7 അത്ഭുതകരമായ വർഷങ്ങൾക്ക് ശേഷം, എന്റെ അക്കാദമിക് വേരുകളിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു എന്ന് ഗീത ഗോപിനാഥ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. “ഐഎംഎഫിൽ ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചതിന് ഞാൻ ശരിക്കും നന്ദിയുള്ളവളാണ്. IMF-ന്റെ മിടുക്കരും പ്രതിബദ്ധതയുള്ളവരുമായ ജീവനക്കാർ, മാനേജ്‌മെന്റിലെ സഹപ്രവർത്തകർ, എക്സിക്യൂട്ടീവ് ബോർഡ്, രാജ്യ അധികാരികൾ എന്നിവരുമായി അടുത്ത് പ്രവർത്തിക്കാനുള്ള പദവി എനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നു.” എന്നും ഗീത അറിയിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ ആയിരിക്കും ഗീത ഗോപിനാഥ് ഐഎംഎഫ് വിട്ട് ഹാർവാർഡ് സർവകലാശാലയിലേക്ക് മടങ്ങുകയെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കി. 2019 ജനുവരിയിൽ ആണ് ഗീത ചീഫ് ഇക്കണോമിസ്റ്റായി ഐഎംഎഫിൽ ചേർന്നത്. 2022 ജനുവരിയിൽ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 1971 ൽ കൊൽക്കത്തയിൽ ജനിച്ച ഗീത ഡൽഹി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അമേരിക്കയിലേക്ക് താമസം മാറിയ ശേഷം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
Discussion about this post