ധാക്ക : ബംഗ്ലാദേശ് വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ ഇടിച്ചുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 27 കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 25 പേർ സ്കൂൾ വിദ്യാർത്ഥികൾ ആണ്. ലോകത്തെ തന്നെ നടുക്കിയ ഈ ദുരന്തത്തിന് കാരണമായത് ഒരു ചൈനീസ് യുദ്ധവിമാനമാണ്. എന്നാൽ ചൈനീസ് യുദ്ധവിമാനങ്ങൾ ഇത് ആദ്യമായല്ല ബംഗ്ലാദേശ് വ്യോമസേനയ്ക്ക് പണികൊടുക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ 27 വിമാന അപകടങ്ങളാണ് ബംഗ്ലാദേശ് വ്യോമസേനക്ക് ഉണ്ടായിട്ടുള്ളത്.
1992 മുതൽ ബംഗ്ലാദേശ് വ്യോമസേനയിൽ യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ഉൾപ്പെട്ട കുറഞ്ഞത് 27 അപകടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂണൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി രേഖപ്പെടുത്തിയ 11 അപകടങ്ങളിൽ ഏഴെണ്ണവും ചൈനീസ് നിർമ്മിത വിമാനങ്ങളാണ്. ഈ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ചൈനീസ് വിമാനങ്ങളാണ്, എന്നിട്ടും വിവിധ പരിമിതികൾ കാരണം വ്യോമസേന അവ ഉപയോഗിക്കുന്നത് തുടരുകയാണ് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബംഗ്ലാദേശ് വ്യോമസേന ഉദ്യോഗസ്ഥൻ ധാക്ക ട്രിബ്യൂണലിനോട് വ്യക്തമാക്കി. വിലക്കുറവിൽ ലഭിക്കുന്നു എന്ന കാരണത്താലാണ് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.
തിങ്കളാഴ്ച നടന്ന അപകടത്തിൽ ഉൾപ്പെട്ട F-7 BGI വിമാനവും ചൈനീസ് നിർമ്മിത ജെറ്റ് ആയിരുന്നു. ഇതേ വിഭാഗത്തിലുള്ള 40 യുദ്ധവിമാനങ്ങൾ ആണ് ബംഗ്ലാദേശ് ചൈനയിൽ നിന്നും വാങ്ങിയിട്ടുള്ളത്. വടക്കൻ ധാക്കയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ഉത്തരയിലാണ് തിങ്കളാഴ്ച അപകടം നടന്നത്. ഏകദേശം 2,000 വിദ്യാർത്ഥികൾ പഠിക്കുന്ന മൈൽസ്റ്റോൺ സ്കൂളിന്റെ കാമ്പസിലാണ് യുദ്ധവിമാനം തകർന്നുവീണത്. 25 വിദ്യാർത്ഥികളും ഒരു അധ്യാപകനും പൈലറ്റും ഉൾപ്പെടെ 27 പേർ മരിച്ചു. സ്ഫോടനത്തിൽ 170ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post