ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്. ധാക്കയിലുണ്ടായ വിമാനാപകടത്തിൽ പൊള്ളലേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഇന്ത്യ ഉറപ്പാക്കും അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പൊള്ളൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അപകടത്തിൽ പൊള്ളലേറ്റവരെ ചികിത്സിക്കാൻ ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സംഘം ഉടൻ ധാക്കയിലേക്ക് എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.രോഗികളുടെ അവസ്ഥ മെഡിക്കൽ സംഘം വിലയിരുത്തുമെന്നും ആവശ്യമെങ്കിൽ ഇന്ത്യയിൽ തുടർചികിത്സയും പ്രത്യേക പരിചരണവും രോഗികൾക്ക് ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇവരുടെ പ്രാഥമിക വിലയിരുത്തലും ചികിത്സയും അനുസരിച്ച് വേണമെങ്കിൽ കൂടുതൽ പേരെ അങ്ങോട്ടേക്ക് അയക്കുമെന്നും മന്ത്രാലയം വിശദമാക്കി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈൽസ്റ്റോൺ സ്‌കൂളിലേക്ക് സൈനിക വിമാനം തകർന്നുവീണത്. 25 കുട്ടികൾ ഉൾപ്പെടെ 31 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദാരുണമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.
Discussion about this post