കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, എപിഒമാരായ സഞ്ജയ്, അഖിൽ, നെറ്റ് ഓഫീസർ റിജോ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ജയിലുദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി. കണ്ണൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തേക്ക് കടന്നത്. ജയിൽ ചാടാനായി ദിവസങ്ങൾ നീണ്ട ശ്രമമാണ് ഇയാൾ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ന് രാവിലെ 7 മണിക്ക് മാത്രമാണ് ജയിൽ അധികൃതർ ഗോവിന്ദച്ചാമി ജയിൽ ചാടിയതായുള്ള വിവരം അറിഞ്ഞത്. വലിയ സുരക്ഷാ വീഴ്ചയാണ് ജയിലധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മതിൽ ചാടുന്നതിനായി ഉപയോഗിച്ച തുണികൾ വരെ പ്രതിക്ക് ലഭിച്ചത് സംശയാസ്പദമാണ്. സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച ഉണ്ടായതായി ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Discussion about this post