ശ്രീനഗർ : ജമ്മു കശ്മീരിൽ എൽഒസിക്ക് സമീപം കുഴിബോംബ് സ്ഫോടനം. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. കൃഷ്ണ ഘാട്ടിയിലെ പൊതു പ്രദേശത്ത് സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് സ്ഫോടനം നടന്നത്.
7 ജാട്ട് റെജിമെന്റിലെ ലളിത് കുമാർ എന്ന അഗ്നിവീർ ജവാൻ ആണ് വീരമൃത്യു വരിച്ചത്. ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പരിക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ വർഷം മെയ് മാസത്തിലും സമാനമായ രീതിയിൽ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം നടന്നിരുന്നു. ദിഗ്വാർ സെക്ടറിന്റെ ഫോർവേഡ് ഏരിയയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ കുഴി ബോംബ് സ്ഫോടനത്തിൽ അന്ന് ഒരു സൈനികന് പരിക്കേറ്റിരുന്നു.
Discussion about this post