ന്യൂഡൽഹി : കാർഗിൽ വിജയ് ദിവസിൽ സൈനികർക്കായുള്ള സൗജന്യ നിയമസഹായ പദ്ധതി ആരംഭിച്ച് കേന്ദ്രസർക്കാർ. ‘വീർ പരിവാർ സഹായത യോജന’ എന്നാണ് ഈ പുതിയ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. കേന്ദ്ര നിയമനിർമ്മാണ, നീതിന്യായ വകുപ്പിന്റെ കീഴിലുള്ള നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ആണ്
സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നിയമ സഹായ സേവനങ്ങൾ നൽകുക.
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് സൂര്യ കാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളിലുടനീളമുള്ള സൈനിക ക്ഷേമ ബോർഡുകളിലെ നിയമ സേവന ക്ലിനിക്കുകളും അദ്ദേഹം വെർച്വലായി ഉദ്ഘാടനം ചെയ്തു. പ്രതിരോധ ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് സൗജന്യ നിയമ സഹായം നൽകുക എന്നതാണ് നിയമ സഹായ ക്ലിനിക്കിന്റെ ലക്ഷ്യം.
പെൻഷൻ, സേവന സംബന്ധമായ പ്രശ്നങ്ങൾ, സിവിൽ തർക്കങ്ങൾ എന്നിവയിൽ എല്ലാം സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നിയമസഹായം പദ്ധതി വാഗ്ദാനം ചെയ്യുന്നു. നിയമസഹായങ്ങൾ നൽകുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുള്ള പാനൽ അഭിഭാഷകരും പാരാലീഗൽ വളണ്ടിയർമാരും സന്നദ്ധരായി ഉണ്ടായിരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നത്.
വിദൂര പ്രദേശങ്ങളിലോ എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിലോ നിയമിക്കപ്പെട്ടിരിക്കുന്ന സൈനികർ പലപ്പോഴും ഗാർഹിക പ്രശ്‌നങ്ങൾ, സ്വത്ത്, ഭൂമി തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിർത്തിയിൽ രാഷ്ട്രത്തെ കാക്കാനായി സേവനമനുഷ്ഠിക്കുന്നവർക്കായി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിയമസഹായവും സംരക്ഷണവും നൽകുക എന്നുള്ളതാണ് പദ്ധതി ലക്ഷ്യമിടുന്നത്.









Discussion about this post