മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട് രാജ് താക്കറെ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച. 13 വർഷങ്ങൾക്ക് ശേഷം രാജ് താക്കറെ മാതോശ്രീയിലെത്തി. ഉദ്ധവ് താക്കറെയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ആയാണ് രാജ് താക്കറെ മാതോശ്രീയിലെത്തിയത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ശിവസേന യുബിടിയും തമ്മിലുള്ള പുതിയ സഖ്യത്തിന് ഈ കൂടിക്കാഴ്ച വഴി വച്ചേക്കും എന്നാണ് സൂചന.
ശിവസേനയുടെ സ്ഥാപക നേതാവ് ബാലാസാഹേബ് താക്കറെയുടെ മകൻ ഉദ്ധവും സഹോദര പുത്രനായ രാജും വർഷങ്ങളായി നീണ്ടു നിന്ന സംഘർഷത്തിനാണ് ഇപ്പോൾ അയവ് വന്നിരിക്കുന്നത്. 2012 ൽ ആണ് രാജ് താക്കറെ ഇതിനു മുൻപ് മാതോശ്രീയിൽ എത്തിയിരുന്നത്. അന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്ന ഉദ്ധവ് താക്കറെയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആയിരുന്നു രാജ് താക്കറെ സന്ദർശനം നടത്തിയത്. 2005 ൽ ശിവസേന വിട്ടതിനുശേഷം രാജ് താക്കറെ അന്ന് ആദ്യമായായിരുന്നു മാതോശ്രീയിൽ എത്തിയിരുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി എംഎൻഎസും ശിവസേന യു.ബി.ടിയും തമ്മിലുള്ള സഖ്യത്തിനുള്ള ചർച്ചകൾ നടന്നുവരുന്നുണ്ട്. ജൂലൈ 5 ന് മുംബൈയിൽ നടന്ന ഒരു റാലിയിൽ 20 വർഷത്തിന് ശേഷം രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് താക്കറെ സഹോദരന്മാരുടെ പുതിയ നീക്കം.
Discussion about this post