ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ വിമർശനം വീണ്ടും ശക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കരുതിയുള്ള അഹങ്കാരമാണ് വി ഡി സതീശൻ കാണിക്കുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പറവൂരിൽ നടന്ന പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശൻ വി ഡി സതീശനെതിരെ വീണ്ടും കടുത്ത രീതിയിൽ വിമർശനം ഉന്നയിച്ചത്.
ഈഴവന്റെ ബുദ്ധിയെയാണ് സതീശൻ ചോദ്യം ചെയ്യുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. മതേതരവാദിയാണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയത് എന്ന് സതീശൻ പറയട്ടെ. ഈഴവനായ സുധാകരനെ പോലും സതീശൻ പുറത്ത് ചാടിച്ചു എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
വി ഡി സതീശന്റെ സ്വന്തം മണ്ഡലത്തിൽ വച്ചായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ഈ പരാമർശങ്ങൾ എന്നുള്ളതും ശ്രദ്ധേയമാണ്. സതീശന്റെ മണ്ഡലം ആണെങ്കിലും ഈ കാര്യങ്ങൾ തുറന്നു പറയാതെ പോകുന്നത് തന്റെ സമുദായത്തിന്റെ അന്തസിന് ചേർന്നതല്ല എന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 100 സീറ്റ് കിട്ടുമെന്നാണ് സതീശൻ പറയുന്നത്. എന്നാൽ അയാളെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. സതീശൻ പറഞ്ഞ പോലെ 100 സീറ്റ് കിട്ടിയാൽ താൻ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കും. മറിച്ചാണെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ സതീശൻ തയ്യാറാകുമോ എന്നും വെള്ളാപ്പള്ളി പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചു.
Discussion about this post