റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി യുകെയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി.
ഭൗമരാഷ്ട്രീയ ആശങ്കകളുടെ പേരിൽ ഇന്ത്യക്ക് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ അടച്ചുപൂട്ടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നമ്മുടെ (ഊർജ്ജ) ആവശ്യങ്ങളുടെ 80% ത്തിലധികവും നമ്മൾ ഇറക്കുമതി ചെയ്യുന്നു. നമ്മൾ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നമ്മുടെ സമ്പദ്വ്യവസ്ഥ ഓഫ് ചെയ്യണോ?’ഒരു രാജ്യത്തിനും തങ്ങളുടെ സമ്പദ്വ്യവസ്ഥ അടച്ചുപൂട്ടാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ യൂറോപ്യൻ പങ്കാളികളിൽ പലരും റെയർ എർത്ത് മൂലകങ്ങളും മറ്റ് ഊർജോത്പന്നങ്ങളും, ഇന്ത്യ വാങ്ങരുതെന്ന് അവർ നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അത് അൽപ്പം വിചിത്രമായ സംഗതിയല്ലേയെന്നും അദ്ദേഹം ചോദിച്ചു
റഷ്യയുമായും പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ഇന്ത്യയ്ക്കുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ ബന്ധം നിരവധി അളവുകോലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇതിലൊന്ന് നമ്മുടെ ദീർഘകാല സുരക്ഷാ ബന്ധമാണ്. നമ്മുടെ ചില പാശ്ചാത്യ പങ്കാളികൾ നമുക്ക് ആയുധങ്ങൾ വിൽക്കില്ലായിരുന്നു, മറിച്ച് നമ്മെ ആക്രമിക്കാൻ മാത്രം ഉപയോഗിക്കുന്ന നമ്മുടെ അയൽപക്ക രാജ്യങ്ങൾക്ക് അവ വിൽക്കുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ചുറ്റുപാടും മറ്റ് രാജ്യങ്ങൾ സ്വന്തം സൗകര്യാർത്ഥം നിലനിർത്തുന്ന ബന്ധങ്ങൾ നമുക്ക് കാണാൻ കഴിയും, അവ നമുക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന രാജ്യങ്ങളുമായിട്ടാണ്. വിശ്വസ്തതയുടെ ഒരു ചെറിയ പരീക്ഷണം നടത്താൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടോ?’ അദ്ദേഹം ചോദിച്ചു
Discussion about this post