ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. 2020 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയിൽ 65,000 കോടിയിലധികം ഡിജിറ്റൽ പേയ്മെന്റുകൾ ആണ് നടന്നത്. 12,000 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ പണമിടപാടുകൾ ഇതുവഴി നടന്നതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം സാങ്കേതികവിദ്യയുടെ സ്വീകാര്യതയിൽ വർദ്ധനവ് ഉണ്ടായതായി പങ്കജ് ചൗധരി വ്യക്തമാക്കി. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിനും സുതാര്യമാക്കുന്നതിനും ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഫിൻടെക്കുകൾ, ബാങ്കുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി കേന്ദ്രസർക്കാർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കി.
യുപിഐ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ചെറുകിട കച്ചവടക്കാരെയും ഗ്രാമീണ ഉപയോക്താക്കളെയും ഉൾപ്പെടെയുള്ള പൗരന്മാരെ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ പ്രാപ്തരാക്കിയതാണ് രാജ്യത്തെ ഡിജിറ്റൽ പണം ഇടപാടുകളിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയത് എന്നും കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. പണമിടപാടുകൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യപ്പെടുന്നത് വായ്പകളുടെ എണ്ണം വർദ്ധിപ്പിച്ചതായും ജനങ്ങളുടെ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു & കശ്മീർ എന്നിവിടങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റ് സ്വീകാര്യത അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ആർബിഐ 2021 ൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (പിഐഡിഎഫ്) ആരംഭിച്ചതായും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post