ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ മറ്റൊരു സുപ്രധാന വിജയം കൂടി കൈവരിച്ച് ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ ‘പ്രളയ്’ രണ്ടുതവണ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. 2025 ജൂലൈ 28 നും ജൂലൈ 29 നും ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ‘പ്രളയ്’ മിസൈലിന്റെ തുടർച്ചയായ രണ്ട് വിജയകരമായ പറക്കൽ പരീക്ഷണങ്ങൾ നടത്തി എന്നാണ് ഡിആർഡിഒ വ്യക്തമാക്കിയിരിക്കുന്നത്.
മിസൈൽ സംവിധാനത്തിന്റെ പരമാവധി, കുറഞ്ഞ ദൂരപരിധി പരിശോധിക്കുന്നതിനായി ഉപയോക്തൃ വിലയിരുത്തൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ പറക്കൽ പരീക്ഷണങ്ങൾ നടത്തിയതെന്ന് ഡിആർഡിഒ അറിയിച്ചു. മിസൈലുകൾ ഉദ്ദേശിച്ച പാത കൃത്യമായി പിന്തുടർന്ന് എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും നിറവേറ്റുന്ന കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രണ്ട് ദിവസങ്ങളിലെ പരീക്ഷണങ്ങളിലും മിസൈൽ നിശ്ചിത ദിശയിൽ പറന്ന് കൃത്യമായ ലക്ഷ്യത്തിലെത്തി. ഈ പരീക്ഷണം എല്ലാ നിശ്ചിത മാനദണ്ഡങ്ങളും ലക്ഷ്യങ്ങളും പാലിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശത്രുവിന്റെ പ്രധാന ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര സർഫസ് ടു സർഫസ് മിസൈൽ ആണ് ‘പ്രളയ്’. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ‘പ്രളയ്’ മിസൈലിന്റെ പറക്കൽ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Discussion about this post