മോസ്‌കോ : റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ പസഫിക് സമുദ്രത്തിലുടനീളം സുനാമി മുന്നറിയിപ്പ്. റഷ്യയിലും ജപ്പാനിലും കനത്ത രീതിയിൽ സുനാമി ആഞ്ഞടിച്ചു. ഹവായ്, യുഎസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അമേരിക്കക്കാരോട് ജാഗ്രത പാലിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഹവായ് ഗവർണർ ജോഷ് ഗ്രീൻ ജനങ്ങളോട് ഒഴിപ്പിക്കൽ നിർദ്ദേശങ്ങൾ പാലിക്കാനും ശാന്തത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സൂനാമി, ഉയർന്ന വേലിയേറ്റത്തോടൊപ്പം ഉണ്ടാകുമ്പോൾ, ജലനിരപ്പ് വലിയ രീതിയിൽ ഉയരാൻ സാധ്യതയുള്ളതിനാൽ തീരെ മേഖലകളിലുള്ളവർ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് പസഫിക് തീരങ്ങളിലുടനീളം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയിൽ ഭൂകമ്പത്തിന് പിന്നാലെ ഉണ്ടായ സുനാമിയെ തുടർന്ന് റഷ്യൻ തുറമുഖ പട്ടണമായ സഖാലിൻ മേഖലയിലെ സെവേറോ-കുറിൽസ്കിന്റെ ചില ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. രണ്ടായിരത്തോളം ജനങ്ങൾ താമസിക്കുന്ന മേഖലയാണിത്. അധികൃതർ ഇവിടെയുള്ള എല്ലാ ജനങ്ങളെയും ഒഴിപ്പിച്ചു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഇന്ന് റഷ്യയിൽ ഉണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം ചരിത്രത്തിലെ ഏറ്റവും ശക്തമായ ആറാമത്തെ ഭൂകമ്പമാണ്.









Discussion about this post