ബെംഗളൂരു : ഇസ്ലാമിക ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 30 വയസ്സുകാരി അറസ്റ്റിൽ. ഷാമ പർവീൺ ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കൊടും കുറ്റവാളിയായ ഈ സ്ത്രീയെ പിടികൂടിയത്. ഹെബ്ബാലിലെ ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ജാർഖണ്ഡ് സ്വദേശിയായ ഷാമ പർവീൺ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇസ്ലാമിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നിരീക്ഷിച്ചാണ് ഗുജറാത്ത് എടിഎസിന്റെ അന്വേഷണം ഷാമ പർവീണിലേക്ക് എത്തിയിരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നോയിഡ, ഡൽഹി, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് തീവ്രവാദികളെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷാമയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഓൺലൈനിലൂടെയുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ജൂലൈ 23നാണ് അൽ ഖ്വയ്ദയുമായി ബന്ധമുള്ള മുഹമ്മദ് ഫൈസ്, സൈഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നത്. ബെംഗളൂരുവിൽ നിന്നും അറസ്റ്റിലായ ഷാമ പർവീൺ പാകിസ്താനുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന്
ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വി വ്യക്തമാക്കി. വനിതാ തീവ്രവാദിയായ ഷാമയെ അറസ്റ്റ് ചെയ്തതിൽ എടിഎസിനെ ആഭ്യന്തരസഹമന്ത്രി അഭിനന്ദിച്ചു.
Discussion about this post