തൃശ്ശൂർ : തൃശ്ശൂരിൽ ഗർഭിണിയായ 23 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെയും ഭർത്താവിന്റെ ഉമ്മയുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് സ്വന്തം ഉമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ച ശേഷമാണ് ഫസീല ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഫസീലയുടെ ഭർത്താവ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.
താൻ രണ്ടാമത് ഗർഭിണിയാണെന്നും ഭർത്താവ് നൗഫൽ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണ് എന്നും ഫസീല ഉമ്മയ്ക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു. “രണ്ടാമത് ഗർഭിണിയായതോടെ നൗഫൽ അടിവയറ്റിൽ ചവിട്ടുകയാണ്. എന്റെ കൈ അവർ ഒടിച്ചു. നൗഫലിന്റെ ഉമ്മയും എന്നെ പീഡിപ്പിക്കുകയും തെറി വിളിക്കുകയും ചെയ്യുകയാണ്. ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ അവർ തന്നെ എന്നെ കൊല്ലും. എന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യരുത്. എന്റെ അപേക്ഷയാണ്”, എന്നായിരുന്നു ഫസീല ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നത്.
23 വയസ്സ് മാത്രം പ്രായമുള്ള ഫസീലക്ക് നിലവിൽ 9 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അടുത്തിടെയാണ് രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞത്. രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ ഭർത്താവിൽ നിന്നും ക്രൂരമായ ഉപദ്രവം നേരിടേണ്ടി വന്നു എന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.









Discussion about this post