ടോക്യോ : റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ റഷ്യയിലും ജപ്പാനിലും കനത്ത സുനാമിയാണ് ഉണ്ടായിരിക്കുന്നത്. പസഫിക് മേഖലയിലുള്ള മറ്റു നിരവധി രാജ്യങ്ങൾക്കും സുനാമി മുന്നറിയിപ്പുണ്ട്. ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, പെറു, ഇക്വഡോറിനടുത്തുള്ള ഗാലപാഗോസ് ദ്വീപുകൾ, ഹവായ്, അമേരിക്കയുടെ പടിഞ്ഞാറ് തീരങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ ഈ മേഖലയിൽ സുനാമിക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പമാണ് റഷ്യയിൽ ഉണ്ടായിരിക്കുന്നത്.
ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് ശേഷം ഉണ്ടായ സുനാമിക്ക് പിന്നാലെ ജപ്പാൻ തീരത്ത് നാല് കൂറ്റൻ തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞു. 50 സെന്റീമീറ്റർ ഉയരത്തിൽ എത്തുന്ന ഒരു സുനാമി തിരമാലയ്ക്ക് 200 കിലോഗ്രാം വരെ ശക്തി വഹിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ ഭൂകമ്പവും സുനാമിയും ജപ്പാനിലെ 1952 ലെ ഭൂകമ്പത്തിന് സമാനമാണെന്നാണ് ശാസ്ത്രജ്ഞനും ഗവേഷകരും വെളിപ്പെടുത്തുന്നത്.
ജപ്പാനും ഹവായിക്കും ഇടയിലുള്ള മിഡ്‌വേ അറ്റോൾ ദ്വീപിലൂടെ 6 അടി വരെ ഉയരത്തിൽ തിരമാലകൾ കടന്നുപോയി. ടോക്കിയോ മുതൽ ഹവായ് വരെയും, കാലിഫോർണിയ മുതൽ ന്യൂസിലാൻഡ് വരെയുമുള്ള മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുനാമി തിരമാലകൾ ഒരു ദിവസത്തിൽ കൂടുതൽ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. സുനാമി ഭീഷണിയെ തുടർന്ന് ജപ്പാനിൽ ഇതുവരെയായി 19 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.









Discussion about this post