റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിക്ക് കൈമാറി. ബിലാസ്പൂരിലുള്ള എൻഐഎ കോടതി ആയിരിക്കും ഇനി കേസ് പരിഗണിക്കുക എന്നത് സെഷൻസ് കോടതി വ്യക്തമാക്കി. അതുവരെ കന്യാസ്ത്രീകൾ ജയിലിൽ തുടരും. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല. ഈ വിഷയത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഇല്ല എന്ന് സെഷൻസ് കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുർഗ് സെഷൻസ് കോടതിയിൽ ആയിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷ നൽകിയിരുന്നത്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആയിരുന്നു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എൻഐഎ ഈ കേസ് ഏറ്റെടുക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്.
മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഉള്ളതിനാലാണ് ഈ കേസ് എൻഐഎ ഏറ്റെടുക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ദുർഗ്ഗ സെഷൻസ് കോടതിക്ക് സമീപം ഇന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. കന്യാസ്ത്രീകൾക്കെതിരായി കേസ് നൽകിയിട്ടുള്ള വ്യക്തിക്കായി ബജ്രംഗ്ദളിന്റെ അഞ്ചോളം അഭിഭാഷകരും കോടതിയിൽ സന്നിഹിതരായിരുന്നു. ഇരകളിൽ ഒരാൾ തന്റെ സമ്മതത്തോടെ അല്ല കന്യാസ്ത്രീകൾ കൊണ്ടു പോയിരുന്നത് എന്ന് വ്യക്തമാക്കിയതും നിർണായകമായി. എൻഐഎ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തുവരും എന്നാണ് കരുതുന്നത്.
Discussion about this post