മോസ്‌കോ : റഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിലും സുനാമി. നേരത്തെ റഷ്യയിലും ജപ്പാനിലും സുനാമി ഉണ്ടായിരുന്നു. കാലിഫോർണിയയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഷിംഗ്ടൺ, ഒറിഗോൺ എന്നിവിടങ്ങളിലും അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും സുനാമി സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
റഷ്യയുടെ കിഴക്കൻ തീരത്തുണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് പസഫിക് മേഖലയിൽ സുനാമി ഭീഷണി ഉയർന്നിരിക്കുന്നത്. അലാസ്കയിലും ഹവായിയിലും ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നുണ്ട്. ഹവായിയിൽ നാലടി വരെ ഉയരത്തിൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറി. ഹവായ് കൗണ്ടിയിൽ അടിയന്തര ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.
ഹവായിയിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. നാഷണൽ വെതർ സർവീസ് റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻസിസ്കോ, സാൻ പാബ്ലോ ബേസ് എന്നിവയുൾപ്പെടെ ബേ ഏരിയയിലെയും സെൻട്രൽ കോസ്റ്റിലെയും എല്ലാ തീരദേശ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. ഇതുവരെയായി ഹവായിയിലെ മൗയി ദ്വീപിന്റെ വടക്കൻ-മധ്യ തീരത്തുള്ള കഹുലുയിയിൽ അഞ്ച് അടിയിൽ കൂടുതലുള്ള സുനാമി തിരമാലകൾ ഉണ്ടായി. ഹവായിയിലെ എല്ലാ വാണിജ്യ തുറമുഖങ്ങളും അടച്ചിട്ടിരിക്കുകയാണെന്നും മൗയിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും ഹവായിയുടെ അടിയന്തര മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.









Discussion about this post