തൃശ്ശൂർ : തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്ത ഫസീല ക്രൂരപീഡനം നേരിട്ടതായി തെളിവുകൾ. ഭർത്താവ് വയറ്റിൽ ചവിട്ടിയതായും കൈ ഒടിച്ചതായും ഫസീല മരണത്തിനു മുൻപ് തന്റെ മാതാവിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ഭർത്താവിന്റെ ഉമ്മയും തന്നെ നിരന്തരം പീഡിപ്പിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നതായും ഫസീല വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഫസീലയുടെ മൃതദേഹ പരിശോധനയിൽ വയറ്റിൽ ഉൾപ്പെടെ ചവിട്ടിയതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. 23 വയസ്സ് മാത്രം പ്രായമുള്ള ഫസീല ഒരു വർഷവും 9 മാസവും മുൻപാണ് വിവാഹിതയായത്. 9 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ഫസീല രണ്ടാമതും ഗർഭിണിയായിരിക്കെ ആണ് ആത്മഹത്യ ചെയ്തത്.
ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ ഫസീലയുടെ വയറ്റിൽ നൗഫൽ ചവിട്ടി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ നിരന്തരമായി ഫസീലയെ നൗഫൽ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഇന്നലെയാണ് ഫസീലയെ ഭർത്താവിന്റെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.









Discussion about this post