‘ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറിനു കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. മരിക്കുന്നതിന് തൊട്ടുമുൻപ് ഫസീല മാതാവ് സെക്കീനയ്ക്ക് വാട്സാപ്പിൽ അയച്ച അവസാന സന്ദേശമാണിത്. സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായിരുന്നു.മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഗർഭിണിയായതിന്റെ പേരിലായിരുന്നു ഫസീലയ്ക്ക് കുറ്റപ്പെടുത്തലും മർദ്ദനവും ഏൽക്കേണ്ടി വന്നതെന്നായിരുന്നു വിവരം. എന്നാൽ കല്യാണപ്പിറ്റേന്ന് മുതൽ ഫസീല നരകയാതന അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
”ഒരേയൊരു മോളാണ്. അവൾക്കുവേണ്ടിയാണ് ഞാൻ ജീവിച്ചതുതന്നെ. ഇങ്ങോട്ട് പോരാമായിരുന്നു അവൾക്ക്. സന്ദേശങ്ങൾ കണ്ട് നൗഫലിന്റെ വീട്ടിൽ ഓടിയെത്തുമ്പോഴേക്കും ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആരുടെയോ കൈയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ മകൾ പോയെന്ന് ഡോക്ടർ വിളിച്ചുപറഞ്ഞു. അവളുടെ മുഖമൊന്നു കാണാൻ പോലുമുള്ള മനോധൈര്യം എനിക്കുണ്ടായില്ലെന്നാണ് പിതാവ് അബ്ദുൾ റഷീദ് പറയുന്നു.
ഉത്സവപ്പറമ്പിൽ മധുരപലഹാരങ്ങൾ വിറ്റു സ്വരുക്കൂട്ടിയ പണം പോരാതെ വന്നപ്പോൾ ആകെയുണ്ടായിരുന്ന അഞ്ചുസെന്റും കൊച്ചുവീടും വിറ്റാണ് മകളെ വിവാഹം ചെയ്തയച്ചത്. വിവാഹപ്പിറ്റേന്ന് ഭർതൃമാതാവ് വാങ്ങി സൂക്ഷിച്ച സ്വർണം പിന്നെ വീട്ടുകാർ കണ്ടിട്ടില്ല. വിവാഹത്തിനുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായിരുന്നു ഫസീല. എന്നാൽ, പിന്നീട് നൗഫൽ ജോലിക്ക് പോകാൻ അനുവദിച്ചില്ല. ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ വരാൻപോലും പറ്റിയിരുന്നില്ല. മകൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതെന്ന് കരുതി ഒരു ചാക്ക് അരി, 20 കിലോ പഞ്ചസാര എന്നിങ്ങനെ ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനങ്ങൾ മൂന്നുമാസം കൂടുമ്പോൾ അബ്ദുൾറഷീദ് നൗഫലിന്റെ വീട്ടിൽ എത്തിച്ചിരുന്നു. സഹോദരന്റെ വീട്ടിൽ ആയിരുന്ന നൗഫലും കുടുംബവും കഴിഞ്ഞ മാസമാണ് തറവാട്ടുവീട്ടിലേക്ക് മടങ്ങിയത്. അന്ന് വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വാങ്ങിനൽകി. ”ഞാൻ പണക്കാരനായതു കൊണ്ടല്ല, ലക്ഷങ്ങൾ കടമുണ്ട്. വാടകവീട്ടിലാണ് താമസം. എന്നാലും മോളുടെ കണ്ണുനിറയരുത് എന്നായിരുന്നു ആഗ്രഹമെന്ന് അബ്ദുൾ റഷീദ് പറഞ്ഞുനിർത്തി.













Discussion about this post