ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജൂലൈ 31ന് കേന്ദ്ര മന്ത്രിസഭായോഗം ചേർന്നു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ആറ് സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകി. ആറ് സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്ന നാല് മൾട്ടിട്രാക്കിംഗ് റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, ഈ പുതിയ പദ്ധതികൾ നിലവിലുള്ള ഇന്ത്യൻ റെയിൽവേ ശൃംഖലയിലേക്ക് 574 കിലോമീറ്റർ കൂട്ടിച്ചേർക്കുമെന്ന് അറിയിച്ചു.
ദേശീയ സഹകരണ വികസന കോർപ്പറേഷൻ (എൻസിഡിസി), പ്രധാനമന്ത്രി കൃഷി സമ്പത്ത യോജന (പിഎംകെഎസ്‌വൈ) എന്നിവയ്ക്കുള്ള ഫണ്ട് അംഗീകാരം, റെയിൽവേയുമായി ബന്ധപ്പെട്ട നാല് തീരുമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്.
2025-26 മുതൽ 2028-29 വരെയുള്ള നാല് വർഷത്തേക്ക് 2,000 കോടി രൂപ വകയിരുത്തിക്കൊണ്ട് ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC)ക്ക് കേന്ദ്ര സെക്ടർ സ്കീം ഗ്രാന്റ് ഇൻ എയ്ഡ് മന്ത്രിസഭ അംഗീകരിച്ചു, ഇത് ഓരോ വർഷവും 500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിന് എൻസിഡിസി ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഭക്ഷ്യ സംസ്കരണത്തിലൂടെ മൂല്യവർദ്ധനവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പ്രധാനമന്ത്രി കൃഷി സമ്പത്ത് യോജന (PMKSY) പദ്ധതിയുടെ ബജറ്റ് വിഹിതം 6,520 കോടി രൂപയായി വർദ്ധിപ്പിച്ചു. 50 റേഡിയേഷൻ യൂണിറ്റുകളും 100 ഭക്ഷ്യ പരിശോധനാ ലാബുകളും സ്ഥാപിക്കുന്നതിനായി 1,000 കോടി രൂപ ചെലവഴിക്കും.
പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ ആസൂത്രണം ചെയ്ത റെയിൽവേ പദ്ധതികളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ജാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്നു.
ഇറ്റാർസി-നാഗ്പൂർ നാലാം ലൈൻ, ഛത്രപതി സംഭാജിനഗർ-പർഭാനി ഇരട്ടിപ്പിക്കൽ, ആലുവാബാരി റോഡ്-ന്യൂ ജൽപൈഗുരി മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ, ഡാംഗോപോസി-ജരോലി മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ എന്നിവ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നവ ഇന്ത്യ’ എന്ന ദർശനത്തിനും രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും വേണ്ടിയാണ് ഈ പദ്ധതികളെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Discussion about this post