ഭുവനേശ്വർ : ജഗന്നാഥ ഭഗവാന്റെ ചിത്രം പതിച്ച ചവിട്ടികൾ വില്പനയ്ക്ക് വെച്ച ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ ഒഡീഷയിൽ വൻ പ്രതിഷേധം. ചൈനീസ് ഇ-കൊമേഴ്സ് വെബ്സൈറ്റ് ആയ അലി എക്സ്പ്രസ് ആണ് ജഗന്നാഥ ഭഗവാന്റെ ചിത്രമുള്ള ചവിട്ടികൾ വില്പനയ്ക്ക് വച്ചിരുന്നത്. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി മാപ്പ് പറയണമെന്ന് ഒഡീഷ ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന നേതാക്കളും സെലിബ്രിറ്റികളും ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഭക്തരുടെ മതവികാരത്തെ അപമാനിക്കുന്ന പ്രവൃത്തിയാണ് അലി എക്സ്പ്രസ് നടത്തിയിരിക്കുന്നത് എന്ന് വിവിധ മേഖലകളിൽ ഉള്ളവർ അഭിപ്രായപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒഡീഷ ഉപമുഖ്യമന്ത്രി പാർവതി പരിദ ഈ പ്രവൃത്തിയെ ‘അപമാനകരം’ എന്ന് വിളിക്കുകയും അലിഎക്‌സ്പ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിജെപി നേതാക്കളെ കൂടാതെ കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയും നേതാക്കളും സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. മഹാപ്രഭു ജഗന്നാഥൻ ഓരോ ഒഡിയയുടെയും ഹൃദയത്തോടും ആത്മാവോടും ചേർന്നിരിക്കുന്നതാണെന്ന് നിരവധി സെലിബ്രിറ്റികളും അഭിപ്രായപ്പെട്ടു. ഒഡീഷയിൽ പ്രതിഷേധം കനത്തതോടെ സ്ഥാപനം ഈ ഉൽപ്പന്നം പിൻവലിച്ചു. റിപ്പോർട്ടുകൾ പരിഗണിച്ച് ഉൽപ്പന്നം അവലോകനം ചെയ്ത് നീക്കം ചെയ്തിട്ടുള്ളതായി അലിഎക്‌സ്പ്രസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.









Discussion about this post