ന്യൂഡൽഹി : രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ അക്രമാസക്തമായ പ്രതിഷേധം നേരിടാൻ സിഐഎസ്എഫിനെ വിന്യസിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യസഭയ്ക്കുള്ളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചത് ആശ്ചര്യവും ഞെട്ടലും ഉണ്ടാക്കിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. നടപടിയിൽ കോൺഗ്രസിനുള്ള പ്രതിഷേധം അറിയിച്ച് അദ്ദേഹം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിന് കത്ത് നൽകി.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ രാജ്യസഭയുടെ നടുത്തളത്തിലേക്ക് കയറിവന്നതാണ് പ്രതിപക്ഷ പാർട്ടികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പാർലമെന്റിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഖാർഗെ സൂചിപ്പിച്ചു. ഭാവിയിൽ ഇത്തരം ഒരു നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ആരോപണങ്ങൾ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തള്ളിക്കളഞ്ഞു, ആരെയും തടഞ്ഞിട്ടില്ലെന്നും രാജ്യസഭയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർലമെന്റ് അംഗത്തെയും സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല. സിഐഎസ്എഫ് ഞങ്ങളെ വിവരമറിയിച്ചിട്ടുണ്ട്, ആരെങ്കിലും രാജ്യസഭയിലെ നിയുക്ത അതിർത്തി കടന്നാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഡിസംബറിലാണ് പാർലമെന്റിന്റെ സുരക്ഷ സർക്കാർ സിഐഎസ്എഫിന് കൈമാറിയിരുന്നത്.
Discussion about this post