ക്രിക്കറ്റിൽ ബാറ്റർ റോളിൽ കളിച്ചവരിൽ ചിലർ ഏകദിനത്തിൽ ഒരു സിക്സ് പോലും നേടിയിട്ടില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഏകദിനത്തിൽ അപൂർവ്വം ചില താരങ്ങൾ ഒരു സിക്സ് പോലും നേടാതെ കരിയർ അവസാനിപ്പിച്ചിട്ടുണ്ട്. സിംബാബ്‌വെയുടെ ഡിയോൻ ഇബ്രാഹിമാണ് ഏകദിനത്തിൽ ഒരു സിക്‌സുപോലും നേടാത്ത അപൂർവ്വ താരങ്ങളിൽ ഒരാൾ. 2001ൽ ക്രിക്കറ്റിലെത്തിയ താരം 29 ടെസ്റ്റും 82 ഏകദിനവുമാണ് സിംബാബ്‌വെക്കായി കളിച്ചത്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറികളുമാണ് ഡിയോന്റെ പേരിലുള്ളത്. പക്ഷേ താരം ഒരു സിക്സ് പോലും നേടിയിട്ടില്ല.
ശ്രീലങ്കൻ മുൻ മധ്യനിര താരം തിലൻ സമരവിക്രമയാണ് ഈ ലിസ്റ്റിലുള്ള മറ്റൊരു താരം. 12 വർഷത്തോളം നീണ്ട ഏകദിന കരിയറിൽ 53 ഏകദിനമാണ് തിലൻ കളിച്ചത്. 862 റൺസാണ് തിലൻ ഏകദിനത്തിൽ നേടിയത്. എന്നാൽ ഏകദിനത്തിൽ ഒരു തവണപോലും സിക്സ് പായിക്കാൻ താരത്തിന് സാധിച്ചില്ല.
മനോജ് പ്രഭാകരാണ് ഈ പട്ടികയിലെ ഇന്ത്യക്കാരൻ. ഓൾറൗണ്ടറായി ഇന്ത്യക്കായി കളിച്ചിരുന്ന താരമാണ് മനോജ് പ്രഭാകർ. 1984 മുതൽ 1996വരെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 130 ഏകദിനം കളിച്ച് 98 ഇന്നിംഗ്സിൽ ബാറ്റുചെയ്ത താരം 1858 റൺസാണ് നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയുമുണ്ട്. എന്നാൽ ഏകദിനത്തിൽ ഒറ്റ സിക്‌സുപോലും താരം നേടിയിട്ടില്ല.
ലോക ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളായ ഇംഗ്ലണ്ടിന്റെ ജിയോഫ്രി ബോയ്ക്കോട്ടിനും ഏകദിനത്തിൽ ഒരു സിക്‌സ് നേടാൻ സാധിച്ചില്ല. 36 ഏകദിന മത്സരം കളിച്ചിട്ടുള്ള താരം 1000ലധികം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ച്വറിയും 9 അർധ സെഞ്ച്വറിയും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരൊറ്റ സിക്സ് പോലും ആ കരിയറിൽ ഇല്ല.
സിക്സ് നേടാതെ കരിയർ അവസാനിപ്പിച്ച താരങ്ങൾ വേറെയും ഉണ്ടെങ്കിലും അവരിൽ ഇത്രയധികം മത്സരങ്ങൾ കാലിച്ചവർ കുറവാണ്…













Discussion about this post