ന്യൂഡൽഹി : അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ. 2022 ൽ അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇന്ത്യ ഫിലിപ്പീൻസിന്റെ ഏറ്റവും വിലപ്പെട്ട സുഹൃത്താണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യയുമായുള്ള ആഴമേറിയതും വിശാലവും കൂടുതൽ അർത്ഥവത്തായതുമായ ഉഭയകക്ഷി സഹകരണമാണ് ലക്ഷ്യമിടുന്നത് എന്നും ഫിലിപ്പീൻസ് പ്രസിഡന്റ് സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ സമഗ്രവും ബഹുമുഖവുമായ വികസനം ഉണ്ടായിട്ടുണ്ട്. ഫിലിപ്പീൻസിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്ന്, മികച്ച ഡിജിറ്റൽ, ഭൗതിക കണക്റ്റിവിറ്റി, മെച്ചപ്പെട്ട ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെയുള്ള നേട്ടങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയുമായി എല്ലാ സഹകരണങ്ങളും മെച്ചപ്പെടുത്തുമെന്നും ഫിലിപ്പീൻസ് പ്രസിഡണ്ട് അറിയിച്ചു.
ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ ഇന്ത്യ സന്ദർശിക്കുന്നത്. ന്യൂഡൽഹിയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഡൽഹിയിലെ തന്റെ പരിപാടികൾക്ക് ശേഷം, ബിസിനസ് നേതാക്കളെ കാണാനും സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾക്കുള്ള ചർച്ചകൾക്കുമായി മാർക്കോസ് ബെംഗളൂരുവിലേക്ക് പോകും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി, ഇന്തോ-പസഫിക് തന്ത്രം, വിഷൻ മഹാസാഗർ എന്നിവയിൽ ഒരു പ്രധാന പങ്കാളിയാണ് ഫിലിപ്പീൻസ് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.









Discussion about this post