ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍.പാകിസ്താന്റെ നാഷണല്‍ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ)യില്‍നിന്ന് ലഭിച്ച ബയോമെട്രിക് രേഖകള്‍, ലാമിനേറ്റ് ചെയ്ത വോട്ടര്‍ സ്ലിപ്പുകള്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ഡേറ്റ, ജിപിഎസ് വിവരങ്ങള്‍ എന്നിവയില്‍നിന്നാണ് മൂന്ന് ഭീകരരുടെയും പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.
ഭീകരവാദികളെ വധിച്ച സ്ഥലത്തുനിന്ന് പാകിസ്താനിലെ കറാച്ചിയില്‍ നിര്‍മിച്ച കാന്‍ഡിലാന്‍ഡ്, ചോക്കോമാക്‌സ് തുടങ്ങിയ ചോക്ലേറ്റുകളുടെ 2കൂടുകളും കണ്ടെടുത്തിട്ടുണ്ട്. 2024 മേയ്മാസത്തില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് അയച്ച ചരക്കുകളില്‍ ഉള്‍പ്പെട്ടവയാണിത്.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്‌കറെ ഭീകരന്മാരായ സുലെമാന്‍ ഷാ (ഫൈസല്‍ ജാട്ട്), അബു ഹംസ(അഫ്ഗാന്‍), യാസിര്‍ (ജിബ്രാന്‍) എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷന്‍ മഹാദേവ് എന്നു പേരിട്ട സെെനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.
എ++ കാറ്റഗറി ഭീകരവാദിയായ സുലെമാന്‍ ആയിരുന്നു പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനും വെടിവെപ്പിന് നേതൃത്വം നല്‍കിയതും. എ ഗ്രേഡ് കമാന്‍ഡറായ അബു ഹംസ സുലെമാന്റെ അടുത്ത അനുയായിയാണ്. മൂന്നാമനായ യാസിറും എ ഗ്രേഡ് കമാന്‍ഡറാണ്. പാക് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറപ്പെടുവിച്ച രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍, തകര്‍ന്ന സാറ്റലൈറ്റ് ഫോണില്‍നിന്ന് മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഈ എസ്ഡി കാര്‍ഡില്‍നിന്ന് വിരലടയാളം, ഫേഷ്യല്‍ സ്‌കാന്‍, കുടുംബവിവരങ്ങള്‍, മേല്‍വിലാസം തുടങ്ങി പ്രാധാന്യമേറിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
Discussion about this post