ന്യൂയോർക്ക് : ഭൂമിക്ക് സമീപമായി രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയതായി നാസ. 2025 ഓഗസ്റ്റ് 4 ന് ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് നാസ അറിയിക്കുന്നത്. 2025 OA3, 2025 PA എന്നീ പേരുകൾ നൽകിയിട്ടുള്ള ഛിന്നഗ്രഹങ്ങൾ ആണ് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുന്നത്.
ഈ ഛിന്നഗ്രഹങ്ങൾക്ക് ഏകദേശം 120 അടി വീതിയുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. ഒരു വലിയ വിമാനത്തിന്റെ വലിപ്പമാണിത്. 2025 OA3 മണിക്കൂറിൽ 30,498 മൈൽ വേഗതയിലും 2025 PA മണിക്കൂറിൽ 22,219 മൈൽ വേഗതയിലും ആണ് സഞ്ചരിക്കുന്നത്. ഭൂമിക്ക് സമീപത്തു നിന്നും സുരക്ഷിതമായ ദൂരത്തിൽ ഇവ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാസ വ്യക്തമാക്കുന്നത്.
സൗരയൂഥത്തിന്റെ രൂപീകരണത്തിന്റെ പുരാതന അവശിഷ്ടങ്ങളാണ് ഇത്തരം ഛിന്നഗ്രഹങ്ങൾ. ഏകദേശം 4.6 ബില്യൺ വർഷങ്ങൾ പഴക്കമുള്ളതാണ്. ഭൂമിയെ രൂപപ്പെടുത്തിയതും ജീവന്റെ ഉത്ഭവത്തിലേക്ക് നയിച്ചതുമായ ആദ്യകാല സാഹചര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവയെക്കുറിച്ചുള്ള പഠനം ശാസ്ത്രജ്ഞരെ സഹായിക്കുന്നു. നാസ അതിന്റെ നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) വഴിയാണ് ഛിന്നഗ്രഹങ്ങളുടെ പാതകൾ ട്രാക്ക് ചെയ്യുന്നത്.
Discussion about this post