കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത് എന്നിവരുടേതാണ് തീരുമാനം. ബോംബെ ഹൈക്കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരെ സിപിഎം പുറത്തുവിട്ട വാർത്താക്കുറിപ്പിനെതിരെയായിരുന്നു പരാതി. ഈ കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.
കോടതിയെ വിമർശിച്ച് സിപിഎം ഇറക്കിയ വാർത്താക്കുറിപ്പ് അവഹേളനപരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത് അവഗണിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ‘കോടതി ഉത്തരവിനെതിരെ സംസാരിക്കാനും അപലപിക്കാനും വിമർശിക്കാനും അവർക്ക് അവകാശമുണ്ടെന്നാണ് അവർ പറയുന്നത്. അവരത് ചെയ്യട്ടെ. ഇത് അവഗണിക്കാനാണ് ഞങ്ങൾ താൽപ്പര്യപ്പെടുന്നത്’, ഇതായിരുന്നു പരാതികേട്ട ബെഞ്ച് സ്വീകരിച്ച നിലപാട്.
ഇത് കോടതിയുടെ മഹാമനസ്‌കതയാണെന്ന് പരാതി സമർപ്പിച്ച ഗോർവാഡ്കർ പറഞ്ഞു. എന്നാൽ സംഭവത്തിൽ സിപിഎമ്മിന് നോട്ടീസ് അയക്കുമെന്നും പിന്നീട് ഹർജി വീണ്ടും സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് സിപിഎമ്മിനോട് പറഞ്ഞ കാര്യങ്ങൾ കോടതി വീണ്ടും ആവർത്തിച്ചു. ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിങ്ങളും ഇത് അവഗണിക്കുന്നതാണ് നല്ലതെന്നും ബെഞ്ച് ഗോർവാഡ്കറിനോട് പറഞ്ഞു.
ഗാസയിൽ നടന്നതായി ആരോപിക്കപ്പെടുന്ന വംശഹത്യയ്ക്കെതിരെ മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം ആലോചിച്ചിരുന്നു. എന്നാൽ ഇതിന് മുംബൈ പോലീസ് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഈ തീരുമാനത്തെ ചോദ്യംചെയ്താണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ‘ നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. ഇതുപോലുള്ള പ്രശ്നങ്ങൾക്ക് നമുക്കാവശ്യമില്ല. സങ്കുചിത ചിന്താഗതിയാണ് നിങ്ങൾക്ക്. ഗാസയിലെയും പാലസ്തീനിലെയും മനുഷ്യാവകാശ പ്രശ്നങ്ങൾ നോക്കുകയാണ് നിങ്ങൾ. നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ദേശസ്നേഹികളാകൂ, ഇത് ദേശസ്നേഹമല്ല’, കോടതി സിപിഎമ്മിനോട് പറഞ്ഞു. ഇത് പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.









Discussion about this post