മോസ്‌കോ : റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള സഹകരണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. ബുധനാഴ്ച മോസ്കോയിൽ മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
എസ് -400 മിസൈൽ സംവിധാനങ്ങളുടെ വിതരണത്തെക്കുറിച്ചും അജിത് ഡോവൽ റഷ്യയുമായി ചർച്ചകൾ നടത്തും. റഷ്യൻ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച ഡോവൽ നിരവധി കൂടിക്കാഴ്ചകൾ നടത്തുമെന്ന് റഷ്യയുടെ സർക്കാർ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദർശിക്കും.
റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് അജിത് ഡോവലിന്റെ റഷ്യൻ സന്ദർശനം ഊന്നൽ നൽകുന്നത്. കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങൽ, ഇന്ത്യയിൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, റഷ്യയുടെ എസ് യു -57 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓപ്ഷനുകൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടേക്കാം എന്നാണ് സൂചന.
Discussion about this post