മുംബൈ : കോലാപ്പൂരിലെ ശ്രീ ജിൻസെൻ ഭട്ടാരിക പട്ടാചാര്യ മഹാസ്വാമി ജൈന മഠത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന 36 വയസ്സുള്ള പിടിയാനയായ മാധുരിയാണ് മഹാരാഷ്ട്രയിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചർച്ചാ വിഷയം. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മാധുരി എന്ന് വിളിക്കപ്പെടുന്ന മഹാദേവിയെ ഗുജറാത്തിലെ ജാംനഗറിലുള്ള വനതാരയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നത്. പ്രിയപ്പെട്ട ആനയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കോലാപ്പൂരിലെ നാട്ടുകാർ വലിയ പ്രതിഷേധമാണ് ഇവിടെ ഉയർത്തിയിരുന്നത്. ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ തന്നെ ഈ വിഷയത്തിൽ നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.
ഇന്ന് മുംബൈയിൽ വനതാര ടീമുമായി വിശദമായ ചർച്ച നടത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മാധുരിയെ മഠത്തിലേക്ക് തിരികെ കൊണ്ടുവരാനായി മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ ഈ ഹർജിയിൽ വനതാരയും കക്ഷിചേരുമെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. മാധുരിയെ കോലാപ്പൂരിലേക്ക് തിരികെ അയക്കാൻ വനതാര പൂർണ്ണസമതം അറിയിച്ചിട്ടുണ്ട്. മധുരി വിഷയത്തിൽ തങ്ങൾക്ക് വ്യക്തിപരമായ ഒരു താൽപര്യവും ഇല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഷെൽട്ടർ ഹോമായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തത് എന്നും വനതാര വ്യക്തമാക്കി.
‘പെറ്റ’ എന്ന എൻജിഒ ആണ് മാധുരി വിഷയത്തിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ആനയുടെ ആരോഗ്യവും മാനസിക ക്ലേശങ്ങളും വഷളാകുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഈ സംഘടന ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മാധുരിയെ വനതാരയിലെ രാധേ കൃഷ്ണ മന്ദിർ ആന ക്ഷേമ ട്രസ്റ്റിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നത്. ജൈന ആശ്രമത്തിനും കോലാപ്പൂരിലെ ജനങ്ങൾക്കും മാധുരിയോടുള്ള ആഴത്തിലുള്ള മതപരവും സാംസ്കാരികവുമായ ബന്ധം തങ്ങൾ മനസ്സിലാക്കുന്നതായി വനതാര അറിയിച്ചു. ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതിയും ബഹുമാനപ്പെട്ട സുപ്രീം കോടതിയും പുറപ്പെടുവിച്ച നിർബന്ധിത നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുക എന്നതിലുപരിയായി വനതാരയ്ക്ക് ഈ വിഷയത്തിൽ മറ്റൊരു താൽപര്യവും ഇല്ലെന്നും കോടതി ഉത്തരവ് ലഭിച്ചാൽ എപ്പോൾ വേണമെങ്കിലും മാധുരിയെ തിരികെ കോലാപ്പൂരിൽ എത്തിക്കാൻ തയ്യാറാണെന്നും വനതാര ടീം വ്യക്തമാക്കി.
Discussion about this post