ബെർലിൻ : ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തിയതായി പ്രഖ്യാപിച്ച് ജർമ്മനി. ഗാസ നഗരം പൂർണമായും പിടിച്ചെടുക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതി ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ജർമനിയുടെ ഈ പ്രഖ്യാപനം. ഇസ്രായേലിന്റെ ഈ തീരുമാനത്തോടുള്ള പ്രതിഷേധമായി ഇസ്രായേലിലേക്കുള്ള സൈനിക കയറ്റുമതി നിർത്തിവയ്ക്കുകയാണെന്ന് ജർമ്മനി അറിയിച്ചു.
ഇസ്രായേലി ബന്ദികളുടെ മോചനവും വെടിനിർത്തലുമാണ് ജർമ്മനിയുടെ മുൻഗണന എന്ന് ജർമ്മനി ചാൻസലർ ഫ്രെഡറിക് മെർസ് വ്യക്തമാക്കി. ഗാസയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു സൈനിക ഉപകരണങ്ങളുടെയും കയറ്റുമതി നിലവിൽ തന്റെ രാജ്യം അനുവദിക്കില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം നിലനിൽക്കുമെന്നും മെർസ് അറിയിച്ചു.
ഇസ്രായേലിന്റെ ദീർഘകാല സഖ്യകക്ഷിയും ഇസ്രായേലിലേക്കുള്ള ഏറ്റവും വലിയ ആയുധ വിതരണക്കാരിൽ ഒന്നുമാണ് ജർമ്മനി എന്നുള്ളതിനാൽ തന്നെ ജർമ്മനിയുടെ ഈ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നാണ് ജർമ്മനി ആഗ്രഹിക്കുന്നത് എങ്കിലും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിർത്തലിനുള്ള ധാരണക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നത് എന്നുമാണ് ജർമ്മൻ ചാൻസലർ അറിയിച്ചിരിക്കുന്നത്.









Discussion about this post