ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതായി മോദി. ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് മോദി പുടിനുമായി നടത്തിയ ചർച്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. വൈകാതെ തന്നെ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നും മോദി വ്യക്തമാക്കി. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങൾക്കിടെ ആണ് മോദിയും പുടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തിയത്.
യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി റഷ്യൻ പ്രസിഡണ്ടിനോട് ആവർത്തിച്ചതായും മോദി വ്യക്തമാക്കി. “എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ മികച്ചതും വിശദവുമായ ഒരു സംഭാഷണം നടത്തി. യുക്രെയ്നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങൾ അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ ബന്ധത്തിലെ വിശിഷ്ടവും തന്ത്രപരവുമായ പങ്കാളിത്തവും കൂടുതൽ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വർഷം അവസാനം ഇന്ത്യയിൽ പ്രസിഡന്റ് പുടിനെ ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനെ ക്ഷണിച്ചു. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ക്രെംലിനിൽ വ്‌ളാഡിമിർ പുടിനെ സന്ദർശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ മോദിയും പുടിനും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്.









Discussion about this post