പട്ന : പുണ്യരാമായണ മാസത്തിൽ ഹൈന്ദവ ജനതയ്ക്ക് ഏറെ ആഹ്ലാദകരമായ ഒരു നിർമ്മാണ പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീതാദേവിക്ക് തന്റെ ജന്മസ്ഥലത്ത് ഒരു മഹാ ക്ഷേത്രം എന്ന കാലങ്ങളായി ഭക്തർ ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ സമഗ്ര ക്ഷേത്ര സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി.
സീതാദേവിയുടെ ജന്മസ്ഥലമായി കരുതപ്പെടുന്ന ബീഹാറിലെ സീതാമർഹി ജില്ലയിലെ പുനൗരാധാമിലുള്ള ജാനകി ക്ഷേത്രത്തിന്റെ പുനർവികസനമാണ് ഈ പുതിയ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. 882.87 കോടി രൂപയിലധികം ചെലവ് വരുന്നതാണ് ഈ പദ്ധതി. മൊത്തം തുകയിൽ 137 കോടി രൂപ പഴയ ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും വികസനത്തിനും 728 കോടി രൂപ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കും. ഇതിനുപുറമെ, 16 കോടി രൂപ 10 വർഷത്തേക്ക് സമഗ്രമായ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കും. ക്ഷേത്ര പുനരുത്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തറക്കല്ലിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാർ, നിരവധി കേന്ദ്രമന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്ര സമുച്ചയത്തിന്റെ സമഗ്ര വികസനത്തിനായി ജൂലൈ 1 ന് ബീഹാർ സംസ്ഥാന മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും പുനർവികസനത്തിനുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒമ്പത് അംഗ ട്രസ്റ്റ് സംസ്ഥാന സർക്കാർ അടുത്തിടെ രൂപീകരിച്ചിരുന്നു. ബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (ബിഎസ്ടിഡിസി) ആണ് സീതാമർഹി പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post