ഇസ്ലാമാബാദ് : ഇന്ത്യയുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പാകിസ്താൻ സ്വീകരിച്ച നടപടികളിലൂടെ വൻ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് പാകിസ്താൻ വിമാനത്താവള അതോറിറ്റിക്ക് 4 ബില്യൺ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തം വിമാന ഗതാഗതത്തിൽ 20 ശതമാനം കുറവുണ്ടായതാണ് ഈ വലിയ നഷ്ടത്തിലേക്ക് നയിച്ചത്.
2025 ഏപ്രിൽ 24 നും ജൂൺ 20 നും ഇടയിൽ ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചതുമൂലമാണ് പാകിസ്താൻ എയർപോർട്ട് അതോറിറ്റിക്ക് 4.10 ബില്യൺ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളത്. ഈ നടപടി പ്രതിദിനം 100–150 ഇന്ത്യൻ വിമാന സർവീസുകളെ തടസ്സപ്പെടുത്തി. ഇത് മൊത്തം വ്യോമഗതാഗതത്തിൽ 20 ശതമാനം കുറവുണ്ടാക്കുകയും അമിത ഫീസ് വഴിയുള്ള വരുമാനം കുറയ്ക്കുകയും ചെയ്തുവെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച കണക്കിലാണ് വ്യക്തമാക്കിയിട്ടുള്ളത്.
വിഷയത്തിൽ പ്രതിരോധത്തിൽ ആയതോടെ, ഏപ്രിൽ 23-ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് വ്യോമാതിർത്തി അടച്ചിടാനുള്ള തീരുമാനം പാകിസ്താന് സ്വീകരിക്കേണ്ടി വന്നതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയതന്ത്ര നടപടികൾക്കുള്ള പ്രതികാരമായാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. ഈ നീക്കമാണ് പാകിസ്താൻ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായി വ്യക്തമാകുന്നത്.









Discussion about this post