ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ട എല്ലാവർക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദുരന്തബാധിതർക്ക് 5 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. വീടുകൾ തകർന്ന കുടുംബങ്ങൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും 5 ലക്ഷം രൂപ വീതം അടിയന്തര ധനസഹായമായി നൽകും.
ദുരിതബാധിതരായ ഗ്രാമീണരുടെ പുനരധിവാസവും സുസ്ഥിരമായ ഉപജീവന നടപടികളും മേൽനോട്ടം വഹിക്കാൻ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു ആഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ഉത്തരാഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസവും പുനരധിവാസവും മുൻഗണനാടിസ്ഥാനത്തിൽ നടത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി ധാമി പൗരി ഗർവാളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ അദ്ദേഹം ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഓഗസ്റ്റ് 5 ന് ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ധരാലിയിൽ കുറഞ്ഞത് 50 സാധാരണക്കാരെയും എട്ട് ജവാന്മാരെയും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെയും കാണാതായി. നിരവധി റോഡുകൾ തകരുകയും വിവിധയിടങ്ങളിലായി വിനോദസഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയും ചെയ്തു. സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്ക് ഭക്ഷണം, വൈദ്യസഹായം, താമസസ്ഥലം എന്നിവ ലഭ്യമാക്കുന്നത് തുടരുകയാണ്.









Discussion about this post