ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി ലോക്സഭ അംഗത്വം രാജിവെക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആണ് മറുപടി നൽകിയത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും വിശ്വസിക്കാത്ത ഒരാൾ എങ്ങനെയാണ് എംപി സ്ഥാനത്ത് തുടരുക എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയമുണയിൽ നിൽക്കുന്ന രീതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാം തങ്ങൾ എങ്ങനെയാണ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് എന്നുകൂടി വിലയിരുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കുന്നില്ലെങ്കിൽ ലോക്സഭാ അംഗത്വം രാജിവയ്ക്കണം. അതുപോലെതന്നെ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രാജിവയ്ക്കുകയാണ് വേണ്ടത് എന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ടാണ് കോൺഗ്രസ് ആക്ഷേപം ഒന്നും ഉന്നയിക്കാത്തത് എന്നും ഗൗരവ് ഭാട്ടിയ ചോദിച്ചു. “നിങ്ങൾക്ക് അനുയോജ്യമായത് എന്താണോ അത് നിങ്ങൾ സ്വീകരിക്കുന്നു. അസൗകര്യമുള്ളത് എന്താണോ അത് നിങ്ങൾ നിരസിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതുതന്നെയാണ് കാലങ്ങളായി നിങ്ങൾ തുടർന്നു വരുന്നത്. ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ് എന്ന് മറക്കരുത്” എന്നും ഗൗരവ് ഭാട്ടിയ സൂചിപ്പിച്ചു.
Discussion about this post