ശ്രീനഗർ : ജമ്മുകശ്മീരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചരക്ക് തീവണ്ടി താഴ്‌വരയിലെത്തി. മേഖലയിലേക്ക് ആദ്യമായി എത്തിയ ചരക്ക് തീവണ്ടിയെ സ്വാഗതം ചെയ്യാൻ അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. മോദി സർക്കാരിനെ നന്ദി അറിയിച്ചുകൊണ്ട് മേഖലയിലെ കർഷകർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
കശ്മീർ മേഖലയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പഞ്ചാബിൽ നിന്ന് പുതുതായി കമ്മീഷൻ ചെയ്ത അനന്ത്നാഗ് ഗുഡ്സ് ട്രെയിൻ ആണ് കശ്മീരിൽ ആദ്യമായി എത്തിയത്. മേഖലയിലെ പഴക്കർഷകർക്ക് ഏറെ ഗുണകരമാകുന്ന സേവനമാണ് ചരക്ക് തീവണ്ടി എത്തിയതിലൂടെ ഉണ്ടാകുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ രാജ്യത്തിന്റെ മറ്റു മേഖലകളിലേക്ക് എത്തിക്കാൻ കർഷകരെ ഈ ചരക്ക് ഗതാഗതം സഹായിക്കും.
പഞ്ചാബിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ ദൂരം 18 മണിക്കൂറിൽ പൂർത്തിയാക്കിയാണ് അനന്ത്‌നാഗ് ഗുഡ്സ് ട്രെയിൻ കശ്മീരിൽ എത്തിയത്. രൂപ്‌നഗറിൽ നിന്ന് 21 വാഗൺ സിമന്റ് വഹിച്ചുകൊണ്ട് ആയിരുന്നു ട്രെയിൻ അനന്ത്നാഗ് ഗുഡ്സ് ഷെഡിൽ എത്തിയത്. നിർമ്മാണ പദ്ധതികളെ വേഗത്തിലാക്കാനും കാർഷിക ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനും ചരക്ക് തീവണ്ടി കശ്മീരിന് ഏറെ ഗുണകരമാകും. ജമ്മു കശ്മീരിലെ വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഒരു മികച്ച ദിനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഇത് പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.









Discussion about this post