ടെൽ അവീവ് : ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ-ഷിഫ ആശുപത്രിക്ക് പുറത്താണ് ആക്രമണമുണ്ടായത്. ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകനായ അനസ് അൽ ഷെരീഫും നാല് സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ അൽ ഷെരീഫ് ഹമാസ് സെൽ നേതാവാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നു.
കിഴക്കൻ ഗാസ നഗരത്തിലെ അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് നിർമ്മിക്കപ്പെട്ടിരുന്ന ഒരു ടെന്റിൽ ആയിരുന്നു പത്രപ്രവർത്തകർ കഴിഞ്ഞിരുന്നത്. ഈ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പത്രപ്രവർത്തകർ കൊല്ലപ്പെടുകയായിരുന്നു. ഇസ്രായേൽ സിവിലിയന്മാർക്കും സൈനികർക്കും നേരെ റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതിന് ഉത്തരവാദിയായ ഹമാസ് സെൽ നേതാവാണ് അൽ ഷെരീഫ് എന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും പിടിച്ചെടുത്ത രേഖകളും ഉദ്ധരിച്ച് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഇസ്രായേലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അൽ ജസീറ തള്ളിക്കളഞ്ഞു. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നത് എന്നും അൽ ജസീറ സൂചിപ്പിച്ചു. 2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 186 മാധ്യമപ്രവർത്തകരെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) സൂചിപ്പിക്കുന്നത്.
Discussion about this post