ന്യൂഡൽഹി : പാർലമെന്റിന്റെ വിവിധ സമ്മേളനങ്ങൾക്കായി ഡൽഹിയിൽ എത്തുന്ന എംപിമാർക്ക് ഇനി താമസ സൗകര്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. എംപിമാരുടെ താമസത്തിനായി ഒരു ബഹുനില ഫ്ലാറ്റ് സമുച്ചയം ആണ് നരേന്ദ്രമോദി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ത്രീസ്റ്റാർ സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
ഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ ആണ് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി 184 ടൈപ്പ്-7 ബഹുനില ഫ്ലാറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ഫ്ലാറ്റ് സമുച്ചയത്തിൽ ഒരു വൃക്ഷത്തൈ നടുകയും ഫ്ലാറ്റിന്റെ നിർമ്മാണ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ രാജ്യത്തെ നാല് നദികളുടെ പേരിലുള്ള നാല് ടവറുകൾ ആയാണ് ഫ്ലാറ്റ് നിർമ്മാണം നടത്തിയിട്ടുള്ളത്.
5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റുകളാണ് ഓരോ ടവറുകളിലും ഉള്ളത്. അതിൽ ഓഫീസ്, സ്റ്റാഫ് സ്ഥലവും ഉൾപ്പെടുന്നു. ഈ പദ്ധതിക്ക് GRIHA 3-സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്. ദേശീയ കെട്ടിട കോഡിന് അനുസൃതവുമായാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധശേഷിയുള്ളതും ഭിന്നശേഷിക്കാർക്ക് അനുയോജ്യവുമാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉൽപ്പാദനം, ഫലപ്രദമായ മാലിന്യ സംസ്കരണം എന്നിവയും എംപിമാർക്കുള്ള ഈ ബഹുനില താമസ സൗകര്യത്തിൽ ഒരുക്കിയിട്ടുണ്ട്.









Discussion about this post