ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ പോലീസ് സ്റ്റേഷനും സൈനിക വാഹനവും ആക്രമിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. ആക്രമണത്തിൽ 9 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ സർക്കാരിന്റെ ആവശ്യപ്രകാരം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും അതിന്റെ ശാഖയായ മജീദ് ബ്രിഗേഡിനെയും അമേരിക്ക ഒരു വിദേശ ഭീകര സംഘടന ആയി മുദ്രകുത്തിയതിന് പിന്നാലെ ആയിരുന്നു ഈ ആക്രമണം എന്നുള്ളത് ശ്രദ്ധേയമാണ്.
സമീപ ആഴ്ചകളിൽ മേഖലയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാസ്റ്റുങ് ജില്ലയിൽ ജാഫർ എക്സ്പ്രസ് ട്രെയിനിനെ ലക്ഷ്യം വച്ചും ബിഎൽഎ ആക്രമണം നടത്തിയിരുന്നു. പെഷവാറിലേക്ക് പോകുന്ന ട്രെയിൻ ആയിരുന്നു ആക്രമിക്കപ്പെട്ടത്.
ഒരു ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി. ആക്രമണത്തിൽ കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റു.
ഏതാനും ആഴ്ചകളായി വ്യാപകമായ സംഘർഷമാണ് ബലൂചിസ്ഥാൻ മേഖലയിൽ നടക്കുന്നത്. ദിവസങ്ങൾക്കു മുൻപ് കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ഒരു പാസഞ്ചർ ബസിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, കില്ല അബ്ദുള്ള ജില്ലയിലെ ഒരു മാർക്കറ്റിൽ നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post