ന്യൂഡൽഹി: പ്രിയങ്കഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വണ്ടൂർ,ഏറനാട്,കൽപ്പറ്റ,തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആരോപിച്ചിരിക്കുന്നത്.
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നതെന്നും അനുരാഗ് താക്കൂർ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു. 19,512 വ്യാജ വോട്ടർമാരും 71,977 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും കൂട്ട കൂട്ടിച്ചേർക്കലിലൂടെ 92,747 വോട്ടർമാരും ഇവിടെ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ വിചിത്രമായ അപാകതകളാണ് ഉള്ളത്. 52,000 ത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ വ്യാജ വിലാസങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post