മുംബൈ : മഹാത്മാഗാന്ധിയെ പോലെ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് കോടതിയിൽ ഹർജി നൽകി രാഹുൽ ഗാന്ധി. വീർ സവർക്കറിനെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന ക്രിമിനൽ മാനനഷ്ടക്കേസിൽ ആണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരമൊരു ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് രാഹുൽ ഗാന്ധി ഹർജിയിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് വിചാരണ വൈകിപ്പിക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ അടവാണെന്ന് വാദി ഭാഗം കോടതിയിൽ അറിയിച്ചു.
വീർ സവർക്കറിനെതിരായ അധിക്ഷേപ പരാമർശ കേസ് പരിഗണിക്കുന്ന പൂനെയിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലാണ് രാഹുൽ ഗാന്ധി സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരനായ സത്യകിക്ക് സവർക്കർ, ഗോഡ്‌സെ കുടുംബങ്ങളുമായി ബന്ധമുള്ളതിനാൽ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് പോലെ രാഹുൽ ഗാന്ധിയെയും അവർ കൊലപ്പെടുത്തും എന്നാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
ബിജെപി നേതാവ് ആർഎൻ ബിട്ടു ഗാന്ധിയെ ‘തീവ്രവാദി’ എന്ന് വിളിച്ചതിനെ കുറിച്ചും ഹർജിയിൽ പരാമർശം ഉണ്ട്. ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്ന യഥാർത്ഥവും ന്യായയുക്തവുമായ ആശങ്ക ആണ് പ്രതിയായ രാഹുൽ ഗാന്ധി സൂചിപ്പിക്കുന്നത് എന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളിൽ യാതൊരു വസ്തുതയും ഇല്ലെന്നും വിചാരണ വൈകിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഈ ഹർജിക്ക് ഉള്ളത് എന്നും പരാതിക്കാരൻ ആയ സത്യകി സവർക്കർ വ്യക്തമാക്കി.
Discussion about this post