ന്യൂഡൽഹി : റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ബിജെപി. റായ്ബറേലി മണ്ഡലത്തിൽ നിരവധി വോട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന് ബിജെപി വ്യക്തമാക്കുന്നു. ഒരു വീട്ടിൽ മാത്രം 27 വോട്ടർമാരെയാണ് കണ്ടെത്തിയിട്ടുള്ളത്. വീട് നമ്പർ പൂജ്യം ഉള്ള നിരവധി വോട്ടർമാരും ഉള്ളതായി കണ്ടെത്തി. ഇതിനാൽ തന്നെ തട്ടിപ്പിലൂടെ ആണോ രാഹുൽഗാന്ധി തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് ബിജെപി ചോദ്യമുന്നയിച്ചു.
രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഇന്ന് ബിജെപി എംപി അനുരാഗ് താക്കൂർ നൽകിയത്. റായ്ബറേലിയിലും വയനാട്ടിലും വലിയ രീതിയിലുള്ള വോട്ട് ക്രമക്കേടുകൾ നടന്നതായി അനുരാഗ് താക്കോൽ പറഞ്ഞു. കൂടാതെ ഇറ്റാലിയൻ പൗരത്വം ഉള്ളപ്പോൾ സോണിയ ഗാന്ധി ഇന്ത്യയിൽ വോട്ട് ചെയ്തെന്ന നിയമലംഘനവും അദ്ദേഹം ചൂണ്ടിക്കാട്ടി.
റായ്ബറേലിയിലെ വോട്ടർ പട്ടികയിൽ, ഒരു വിലാസത്തിൽ 27 പേരുകളും മറ്റ് രണ്ട് വിലാസങ്ങളിൽ 18 പേരുകളും വീതമുണ്ട്. വർഷങ്ങളായി, റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രകാരം റായ്ബറേലിയിലും വ്യാപകമായി വോട്ട് മോഷണം നടന്നിട്ടുണ്ട്. യഥാർത്ഥത്തിൽ രാഹുൽഗാന്ധി ബിജെപിക്ക് നേരെ ഉന്നയിച്ച ആരോപണം ഇപ്പോൾ സ്വന്തം നേർക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
യഥാർത്ഥത്തിൽ ഗ്രാമീണ വോട്ടർ പട്ടികയിൽ “വീട് നമ്പർ 0” പലപ്പോഴും സംഭവിക്കുന്നത് വീടുകൾക്ക് ഔദ്യോഗിക നമ്പറിംഗ് ഇല്ലാത്തതുകൊണ്ടാണ്. അതുപോലെ, സംയുക്ത കുടുംബങ്ങൾ, പങ്കിട്ട വീടുകൾ, അല്ലെങ്കിൽ വാടക താമസസ്ഥലങ്ങൾ എന്നിവയിൽ, പ്രത്യേകിച്ച് അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിൽ, ഒരു വിലാസത്തിൽ ഒന്നിലധികം വോട്ടർമാർ ഉണ്ടാകുന്നതും സാധാരണമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ SIR (Summary Intensive Revision) കൊണ്ടുവന്നിരിക്കുന്നത്. ബീഹാറിൽ ആണ് ആദ്യമായി ഇപ്പോൾ SIR നടപ്പിലാക്കിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളും അപാകതകളും പരിഹരിച്ചപ്പോൾ യോഗ്യരല്ലാത്ത 60 ലക്ഷത്തിലേറെ വോട്ടർമാർ ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി. എന്നാൽ യഥാർത്ഥ വിരോധാഭാസം എന്തെന്നാൽ വോട്ടിംഗ് പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് ആരോപിക്കുന്ന രാഹുൽഗാന്ധി ഈ ക്രമക്കേടുകൾ പരിഹരിക്കാൻ കൊണ്ടുവന്ന എസ്ഐആറിനെയും എതിർക്കുകയാണ് എന്നുള്ളതാണ്.
Discussion about this post