ന്യൂഡൽഹി : 2025 ലെ സ്വാതന്ത്ര്യദിനത്തിൽ, 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 233 പേരാണ് ധീരതയ്ക്കുള്ള മെഡൽ നേടിയത്. 99 പേർ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നേടി. 758 സ്തുത്യർഹ സേവനത്തിനുമുള്ള മെഡലുകളും നേടിയിട്ടുണ്ട്.
പോലീസ്, അഗ്നിശമന സേന, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കാണ് സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ധീരതയ്ക്കും സേവനങ്ങൾക്കും ഉള്ള മെഡലുകൾ നൽകുന്നത്. രാജ്യസേവനത്തിൽ ധീരതയും സമർപ്പണവും പ്രകടിപ്പിച്ചവർക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇന്ത്യൻ രാഷ്ട്രപതിയുടെയും നേതൃത്വത്തിൽ ഈ മെഡലുകൾ നൽകിവരുന്നത്.
ധീരതയ്ക്കുള്ള മെഡൽ നേടിയ 233 പേരിൽ 226 പേർ പോലീസ് ഉദ്യോഗസ്ഥരും ആറ് പേർ അഗ്നിശമന സേനാംഗങ്ങളും ഒരു ഹോം ഗാർഡും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ജീവനും സ്വത്തും രക്ഷിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും അസാധാരണമായ ധൈര്യം കാണിച്ചവർക്കാണ് ധീരതാ മെഡൽ നൽകുന്നത്. ഈ വർഷത്തെ അവാർഡ് ജേതാക്കളിൽ ജമ്മു കശ്മീരിൽ സേവനമനുഷ്ഠിച്ച 152 പേരും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച 54 പേരും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള മൂന്ന് പേരും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള 24 പേരും ഉൾപ്പെടുന്നു.
Discussion about this post