ന്യൂഡൽഹി : സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി സേവാ സദനിൽ ദേശീയ പതാക ഉയർത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ജനങ്ങൾക്ക് ചില സുപ്രധാന പദ്ധതികളും രേഖ ഗുപ്ത പ്രഖ്യാപിച്ചു. എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘അടൽ കാന്റീനുകൾ’ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വെറും 5 രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന പദ്ധതിയാണ് അടൽ കാന്റീനുകൾ. ദരിദ്രരായ ജനവിഭാഗത്തിന് വലിയ ആശ്വാസം പകരുന്ന തീരുമാനമാണിത്. കൂടാതെ ഡൽഹി സർക്കാർ നഗരത്തിലെ എല്ലാ ചേരി നിവാസികൾക്കും ഉറപ്പുള്ള വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ വ്യക്തമാക്കി. ഗിഗ് തൊഴിലാളികൾക്കായി ഡൽഹി സർക്കാർ ക്ഷേമ ബോർഡ് രൂപീകരിക്കുമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.
യമുന നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികളും ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി നിയമസഭ പാസാക്കിയ വിദ്യാഭ്യാസ ബില്ലിലൂടെ സ്വകാര്യ സ്കൂൾ ഫീസ് നിയന്ത്രിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഡൽഹിയിൽ ബിജെപി സർക്കാർ അധികാരം ഏറ്റതിനുശേഷം ആദ്യദിവസം തന്നെ നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇതുവരെ 4.5 ലക്ഷം പേർ ചേർന്നു കഴിഞ്ഞതായും രേഖ ഗുപ്ത അറിയിച്ചു.
Discussion about this post