ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. സദൈവ് അടൽ സ്മരണകിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. 1996 മാർച്ച് 16 മുതൽ 31 വരെയും പിന്നീട് 1998 മാർച്ച് 19 മുതൽ 2004 മെയ് 13 വരെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി.
ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിച്ചു. വാജ്‌പേയിയുടെ ദത്തുപുത്രി നമിത കൗൾ ഭട്ടാചാര്യയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചുകൊണ്ട് പ്രധാനമന്ത്രിയായ ആദ്യ നേതാവായി വാജ്‌പേയി മാറി. ഇന്ദിരാഗാന്ധിക്ക് ശേഷം തന്റെ പാർട്ടിയെ തുടർച്ചയായി മൂന്ന് തവണ വിജയത്തിലേക്ക് നയിച്ച ഏക പ്രധാനമന്ത്രി എന്ന ബഹുമതിയും വാജ്‌പേയിക്ക് സ്വന്തമാണ്.
“ഇന്ത്യയുടെ സമഗ്ര പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സേവനവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് എല്ലാവരെയും പ്രചോദിപ്പിക്കുന്നത് തുടരും. എല്ലാ രാജ്യവാസികളുടെയും പേരിൽ, മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി ജിക്ക് അദ്ദേഹത്തിന്റെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സേവന മനോഭാവവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് സംഭാവന നൽകാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്നു” എന്ന് നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
1924 ഡിസംബർ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായാണ് അടൽ ബിഹാരി വാജ്‌പേയി ജനിച്ചത്. 1957 മുതൽ അദ്ദേഹം പാർലമെന്റ് അംഗമാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്ററി പരിചയമുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം. 2015 ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്‌ന’ നൽകിയ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 2018 ഓഗസ്റ്റ് 16-ന് 93-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
Discussion about this post