ന്യൂഡൽഹി : ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഒരു സുപ്രധാന പത്രസമ്മേളനം നടത്തുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡയറക്ടർ ജനറൽ (മീഡിയ) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിനു പുറമേ മറ്റൊരു വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പത്രസമ്മേളനം നടത്തുന്നത് അസാധാരണമാണ്.
പത്രസമ്മേളനത്തിന്റെ വിഷയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല, എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ബീഹാറിലെ എസ്‌ഐആറിനെക്കുറിച്ച് വിശദമായ ചില നിർണായക വിവരങ്ങൾ വ്യക്തമാക്കുമെന്നാണ് സൂചന.
ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന്, ബീഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുകളുടെ വിശദാംശങ്ങളും, അവരെ ഉൾപ്പെടുത്താത്തതിന്റെ കാരണങ്ങളും പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post